കൊച്ചി : സപ്ലൈകോയും പാർട്ടി ലൈൻ അനുസരിച്ച് വൈരുധ്യാധിഷ്ഠിത ഭൗതീക വാദം നടപ്പിലാക്കി. ഓണകാലത്ത് വിലക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ അതേ സപ്ലൈകോ തന്നെ സബ്‌സിഡി സാധനങ്ങളുടെ പോലും വില കുട്ടി പാർട്ടി ലൈൻ നടപ്പിലാക്കി മാതൃകയായിരിക്കുകയാണ്. പഞ്ചസാരയ്ക്ക് ആറു രൂപയും തുവരപ്പരിപ്പിന് നാലു രൂപയും അരിക്ക് മൂന്നുരൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഓണച്ചന്തകളുടെ സംസ്‌ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്ന കൂടെ, സാധാരണക്കാരന്റെ പോക്കറ്റിൽ കീറിയെടുക്കുന്ന വില വർധന പദ്ധതിയും പ്രാബല്യത്തിലാകും. വടി വയ്ക്കുന്നിടത്ത് കുടവയ്ക്കില്ലെന്ന പ്രമാണം അത്ഥവത്താക്കാനാണ് സപ്ലൈകോയുടെ തീരുമാനം എന്ന് തോന്നുന്നു.
രണ്ടാഴച മുൻപ് സപ്ലൈകോ വളരെ മാനുഷിക പരിഗണയോടെ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്നും അത് തടയാൻ നടപടി വേണമെന്നും സപ്ലൈകോ സർക്കാരിന് മുന്നറിയിപ്പ് നൽകിയാണ് നാടകം തുടങ്ങിയത്. ഇത് കേട്ടതേ വിശാലമനസ്കനും പരമകാരുണികനുമായ സർക്കാർ ഉണങ്ങി കിടക്കുന്ന ഖജനാവ് തുറന്ന് 225 കോടി രൂപകീഴ്മേൽ നോക്കാതെ എടുത്ത് സപ്ലൈകോയ്ക്ക് കൊടുത്തു. പണം കിട്ടിയതോടെ സപ്ലൈകോയുടെ നിറം മാറി.മുഖം ചുവന്ന് തുടുത്തു.
ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടിയാണ് സപ്ലൈകോ കരുത്ത് തെളിയിച്ചത്. കിലോയ്ക്ക് 27 രൂപയായിരുന്ന പഞ്ചസാരയുടെ മധുരം ഒറ്റയടിക്ക് 33 രൂപയിലേക്ക് വികസിപ്പിച്ചു. കുറുവ അരിക്കും മട്ട അരിക്കും മുന്നു രൂപ വീതം കുട്ടി കിലോയ്ക്ക് 33 രൂപയാക്കി. തുവരപരിപ്പിന് നാല് രൂപയാണ് കുട്ടിയത്. ആകെ ആശ്വാസം ചെറുപയറാണ്. രണ്ടു രൂപ കുറഞ്ഞു.
സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി.
പച്ചരിയുടെ വിലയും കൂട്ടേണ്ടിവരുമെന്നും മന്ത്രി തന്നെ മുന്നറിയിപ്പും നൽകിയിരിപ്പാണ്. ഈ വിലക്കയറ്റിലും ഉത്തരം കിട്ടാത്ത ചോദ്യം ബാക്കിയാണ്. ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് പറഞ്ഞ് വിപണി ഇടപെടലിന്റെ പേരിൽ സർക്കാരിൽ നിന്ന് വാങ്ങിയെടുത്ത ആ 225 കോടി രൂപ ഏത് കോത്താഴത്താണ് കൊണ്ടുപോയതെന്ന് അറിയാതെ ഓണത്തിന് മുണ്ടു വരിഞ്ഞ് മുറുക്കി ഉടുക്കുന്നത് പോരാതെ ചാക്ക് നൂല് എടുത്ത് വയറിൽ മുറുക്കി കെട്ടുക കൂടി ചെയ്യേണ്ട സ്ഥിതിയാണ് ഓണം വരുന്നതും കാത്ത് കുമ്പിളുമായി കാത്തിരിക്കുന്ന കെ.കോരൻമാർ.
K - Supply with loot - Co